കല്ലട ജലസേചന പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറ്റക്കൽ തടയണ

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി[1]. 13.28 കോടി രൂപ ചിലവിൽ  കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 61630 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി 1960 കളിൽ വിഭാവനം ചെയ്തത്.[2] 1992 ഓടെ പദ്ധതിയുടെ കനാൽ ശൃംഖലയും ഡാം എന്നിവ പൂർത്തിയായി പദ്ധതി കൃഷിയിടങ്ങളിൽ ജലം എത്തിച്ചു തുടങ്ങി.

പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽ നിന്നും ജലമെത്തുന്നത്. പരപ്പാർ അണക്കെട്ടിൽ നിന്നും ഒഴുകി വരുന്ന ജലം താഴെയായി ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുവഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ശൂരനാട് കലാപത്തിനു ശേഷം കുളത്തൂപ്പുഴ കാടുകളിൽ ഒളിവിൽ കഴിയുന്ന കാലത്ത് ഓണാട്ടുകരയിൽ നിന്നുള്ള തോപ്പിൽ ഭാസി, പുതുപ്പള്ളി രാഘവൻ എന്നിവരുടെ മനസ്സിൽ രൂപം കൊണ്ട ആശയം ആയിരുന്നു കിഴക്കൻ മേഖലയിലെ ജലം ഓണാട്ടുകരയിൽ എത്തിക്കുക എന്നത്. തുടർന്ന് 1960 കളിൽ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു.

1971 ൽ ടി കെ ദിവാകരൻ ജലസേചന വകുപ്പ് മന്ത്രി ആയി ഇരിക്കെ പരപ്പാർ ഡാമിന്റെ ശിലാസ്ഥാപനവും നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു തുടർന്ന് സാമ്പത്തിക ഞെരുക്കം മൂലം പദ്ധതി മന്ദീഭവിച്ചു. 1982 ജൂണിൽ പദ്ധതിയുടെ പൂർത്തീകരണത്തിനായി 80 ദശലക്ഷം യു എസ്സ് ഡോളർ (76 കോടി രൂപയോളം) ലോകബാങ്ക് വായ്പ ലഭിച്ചു തുടർന്ന് പണികൾ ത്വരിത ഗതിയിൽ ആയി.[3]

പദ്ധതിയുടെ പണി പൂർത്തിയായ വലതു കര കനാൽശൃംഖലയും തെന്മല പരപ്പാർ ഡാം എന്നിവ ചേർത്ത് 1986 മെയ് 24 നു അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ കല്ലട പദ്ധതി കമ്മീഷൻ ചെയ്തു. 1992 ലാണ് വലതുകര കനാൽ പണി പൂർത്തിയായത്.1992 ൽ പണി പൂർത്തിയാകുമ്പോൾ പദ്ധതിയുടെ ജലസേചന ശേഷി 53514 ഹെക്ടർ ആയി ചുരുങ്ങുകയും, പദ്ധതിയുടെ മൊത്തം ചിലവ് 714 കോടി ആകുകയും ചെയ്തു.[4]

ഒറ്റക്കൽ തടയണ[തിരുത്തുക]

പദ്ധതിയാവശ്യത്തിനായി 1984ൽ ഒറ്റക്കല്ലിൽ നിർമ്മിച്ച തടയണ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ദേശീയപാത 744ന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന തടയണ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. തെന്മല ഡാമിൽ നിന്നും അഞ്ചു കിലോമീറ്റർ മാറിയുള്ള ഇവിടം ഇക്കോ-ടൂറിസം സന്ദർശനത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. സഞ്ചാരികൾക്കായി ഇരുനിലകളുള്ള ഒരു വ്യൂ പോയിന്റും നിർമ്മിച്ചിട്ടുണ്ട്.

ആക്ഷേപങ്ങൾ[തിരുത്തുക]

13.28 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതിക്ക് ഇതുവരെ ചെലവായത് 800 കോടിയിലധികം രൂപയാണ്. 61630 ഹെക്ടർ കൃഷിയിടത്തേയ്ക്ക വെള്ളമെത്തിക്കലായിരുന്ന തുടക്കത്തിലെ ലക്ഷ്യം. പിന്നീട്ട് ഇത് 53514 ഹെക്ടറായി വെട്ടിച്ചെരുക്കി. കായംകുളം കനാലടക്കം ഉപേക്ഷിക്കുകയും ചെയ്തു. 92 ൽ പദ്ധതി പൂർത്തിയായപ്പോൾ ചെലവായത് 714 കോടി രൂപയോളമാണ്. കൂടാതെ വർഷാവർഷം അറ്റകുറ്റപ്പണിക്ക് ആറും ഏഴും കോടി രൂപ വീതം ചെലവിടുന്നു. 1992 ൽ തന്നെ രണ്ടാം കിലോമീറ്ററിൽ ഇടതു കര കനാൽ പൊളിഞ്ഞു. ഇതേത്തുടർന്ന് വെള്ളമൊഴുക്ക് നിയന്ത്രിക്കേണ്ടി വന്നു. ഇതോടെ കൊല്ലം ജില്ലയിലെ പരവൂർ ഭാഗത്ത് കനാലുണ്ടെങ്കിലും വെള്ളമെത്തുന്നില്ല.[5]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-25. Retrieved 2015-01-25.
  2. ഡെസ്‌ക്, വെബ്. "കല്ലട ജലസേചന അഴിമതി: മൂന്ന് ഉദ്യോഗസ്ഥർക്ക് ആറ് വർഷം കഠിന തടവ്". Retrieved 2024-05-30.
  3. "Announcement of World Bank and IDA to Support First Irrigation Project in India Using Underground Plastic Pipes on June 28, 1982" (in ഇംഗ്ലീഷ്). Retrieved 2024-05-30.
  4. http://www.india9.com/i9show/Kallada-River-38931.htm
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-01-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഓപൺസ്ട്രീറ്റ് മാപ്പിൽ

"https://ml.wikipedia.org/w/index.php?title=കല്ലട_ജലസേചന_പദ്ധതി&oldid=4088220" എന്ന താളിൽനിന്ന് ശേഖരിച്ചത്