Jump to content

മാർ ഇവാനിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലങ്കര സഭയുടെ പുനരൈക്യ ശില്പിയും സിറോ മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപനത്തിന് കരണക്കാരനുമാണ് ദൈവ ദാസൻ മാർ ഇവാനിയോസ്. മാവേലിക്കര പണിക്കർ വീട്ടിൽ തോമാപണിക്കരുടെയും അന്നമ്മ പണിക്കരുടെയും മകനായി 1882 സെപ്തംബർ 21-ാം തീയതി ദൈവദാസൻമാർ ഈവാനിയോസ് ഭൂജാതനായി. ഗീവർഗ്ഗീസ് എന്നായിരുന്നു ആദ്യ പേര്. 1887 - 1897 കാലഘട്ടത്തിലെ സാമാന്യ വിദ്യാഭ്യാസത്തിന് ശേഷം 1897 -1899 ൽ കോട്ടയം എം. ഡി. സെമിനാരി ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 09  -01 - 1900 ൽ മാവേലിക്കര പുത്തൻ കാവ് ദേവാലയത്തിൽ വച്ച് ശെമ്മാശ്ശപ്പട്ടം സ്വീകരിച്ചു. 1907 ൽ എം. എ. ഡിഗ്രി കരസ്ഥമാക്കി. 1908 ൽ വൈദികനായി. 1908 - 1913 കാലഘട്ടം എം. ഡി. സെമിനാരി പ്രിൻസിപ്പാൾ ആയും 1913 - 1919 കാലഘട്ടം സെറാമ്പൂർ കോളേജ് പ്രിൻസിപ്പാൾ ആയും സേവനമനുഷ്ഠിച്ചു. 1919 ആഗസ്ത് 15 ന് പുരുഷന്മാർക്കായി ബഥനി മിശിഹാനുകരണ സന്യാസ സമൂഹം റാന്നി പെരുനാട്ടിലുള്ള മുണ്ടൻ മലയി സ്ഥാപിച്ചു. 1925 സെപ്റ്റംബർ 8 ന് സ്ത്രീകൾക്കായുള്ള ബഥനി സന്യാസിനി സമൂഹവും സ്ഥാപിച്ചു. 1929 ഫെബ്രുവരി 13 ന് ബിഷപ്പ് ആയി സ്ഥാനാഹോരണം ചെയ്യപ്പെട്ടു. 1930 സെപ്റ്റംബർ 20 ന് ഓർത്തഡോക്സ് സഭയും താൻ സ്ഥാപിച്ച ആശ്രമവും വസ്തു വകകളും ഉപേക്ഷിച്ച് കത്തോലിക്കാ സഭയുമായി കൊല്ലം ലത്തീൻ രൂപതാ ബിഷപ്പ് ആയിരുന്ന ബെൻസിഗർ മുൻപാകെ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. അദ്ദേഹമുൾപ്പെടെ 5 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് കാതോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടത്. 1933 മാർച്ച് 12 ന് മലങ്കര ഹയരാർക്കി കത്തോലിക്കാ സഭയിൽ മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടു. അദ്ദേഹം 1940 ൽ തിരുവനന്തപുരത്തെ പട്ടം സെന്റ് മേരിസ് സ്‌കൂളും, 1949 ൽ തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിലും സ്ഥാപിച്ചു. 1953 ജൂലൈ 15 ന് ചരമമടഞ്ഞു. 2007 ജൂലൈ 14 ന് അദ്ദേഹം ദൈവ ദാസനായി പ്രഖ്യാപിക്കപ്പെട്ടു.

.

"https://ml.wikipedia.org/w/index.php?title=മാർ_ഇവാനിയോസ്&oldid=4077886" എന്ന താളിൽനിന്ന് ശേഖരിച്ചത്