Jump to content

ബാലൻപിള്ള സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം രാമക്കൽമേടിനു സമീപമുള്ള ഒരു ചെറുപട്ടണമാണ് ബാലൻപിള്ള സിറ്റി.[1] തമിഴ്നാട്-കേരള അതിർത്തിയിൽ ഉള്ള ഈ പ്രദേശം കരുണാപുരം പഞ്ചായത്തിന്റെ ഭാഗമാണ്.

ചരിത്രം[തിരുത്തുക]

രാമക്കൽമേടിനു സമീപമുള്ള മലയോരഗ്രാമത്തിൽ ബാലൻപിള്ള എന്ന വ്യക്തി ഒരു കട തുടങ്ങുന്നതോടെയാണ് ഈ പ്രദേശത്തിന്റെ വികസനം ആരംഭിക്കുന്നത്. ആലപ്പുഴ പഴവീട്‌ സ്വദേശിയായ ബാലകൃഷ്‌ണപിള്ള 1957-ലാണ്‌ ഇടുക്കിയിലേക്കു കുടിയേറിയത്‌. തമിഴ്നാട്ടിൽ നിന്ന് കാൽനടയായും കഴുതപ്പുറത്തും ഈ വഴിയായിരുന്നു കുടിയേറ്റ കാലഘട്ടത്തിൽ ഇടുക്കിയിലേക്ക് അരിയടക്കമുള്ള ധാന്യങ്ങൾ എത്തിയിരുന്നത്. കൃഷി നടത്തി അവിടെ ജീവിതം ആരംഭിച്ച ബാലൻപിള്ള അവിടെ വഴിയോരത്തായി ആദ്യം ഒരു തയ്യൽക്കടയിട്ടു. പിന്നീടത് ചായക്കടയും പലചരക്ക് കടയുമായി. ബാലൻപിള്ളയുടെ കടയെന്നാണ് ആ സ്ഥലത്തെ നാട്ടുകാർ ആദ്യം വിളിച്ചിരുന്നത്. അദ്ദേഹം തന്നെ മുൻകൈയെടുത്ത് ജനപ്രതിനിധികളുടെ സഹായത്തോടെ ഇവിടെ ഒരു സർക്കാർ സ്കൂളും സ്ഥാപിച്ചതോടെ പ്രദേശം ബാലൻപിള്ള സിറ്റി എന്ന് അറിയപ്പെടാൻ തുടങ്ങി.

സിനിമയിലൂടെയുള്ള പ്രശസ്തി[തിരുത്തുക]

എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ ബാലൻപിള്ളസിറ്റി കൂടുതൽ പ്രശസ്‌തമായി. ബാലൻപിള്ള സിറ്റി എന്ന ഗ്രാമത്തിൽ നടന്ന കഥയായാണു സിനിമയിൽ സങ്കൽപ്പിച്ചിട്ടുള്ളതെങ്കിലും സിനിമയുടെ ചിത്രീകരണം നടന്നത് തൊടുപുഴയ്ക്ക് സമീപമുള്ള മുണ്ടൻമുടിയിലാണ്.

കുറിപ്പുകൾ[തിരുത്തുക]

ഇടുക്കി ജില്ലയിൽ 'സിറ്റി' ചേർന്നു വരുന്ന നിരവധി സ്ഥലപ്പേരുകളുണ്ട്. ബാലൻപിള്ള സിറ്റിയുടെ കാര്യത്തിലെന്നതു പോലെ വ്യക്തികളുടെ പേരിൽ നിന്നാണ് ഇവയിൽ ചില സ്ഥലങ്ങളുടെ പേരുകൾ ഉണ്ടായതെങ്കിൽ വേറെ ചിലവക്ക് കൗതുകകരമായ മറ്റ് പശ്ചാത്തലങ്ങളാണുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാലൻപിള്ള_സിറ്റി&oldid=3566422" എന്ന താളിൽനിന്ന് ശേഖരിച്ചത്