Jump to content

പുഴക്കര പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഴക്കര പള്ളി , ചാലിയം

ഇന്ത്യയിൽ ആദ്യകാലത്ത് നിർമ്മിക്കപ്പെട്ട മുസ്ലിം പള്ളികളിലൊന്നാണിത്. കോഴിക്കോട് ജില്ലയിലെ ചാലിയത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. കേരളത്തിൽ ഇസ്‌ലാം മതപ്രചരണത്തിന് നേതൃത്വം നൽകിയ മാലിക് ദീനാറും സംഘവുമാണ് ഈ പുരാതന പള്ളി നിർമ്മിച്ചതെന്ന് കരുതുന്നു. [1] മാലിക് ദിനാറും ശിഷ്യൻമാരും ഈ പള്ളിയിൽ പ്രാർത്ഥിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. [2] ഈ പള്ളിയുടെ നിർമ്മാണത്തെ സംബന്ധിച്ച് മലയാളത്തിലെ മാപ്പിളമാർ എന്ന ഗ്രന്ഥത്തിലും പരാമർശം ഉണ്ട്.

ചരിത്രം[തിരുത്തുക]

പോർച്ചുഗീസുകാരുടെ കാലത്ത് പുഴക്കര പള്ളിയുടെ പറമ്പിലെ കല്ലുകൾ കൊണ്ടായിരുന്നു ചാലിയത്ത് പോർച്ചുഗീസ് കോട്ട പണിതത്. കോട്ട പൊളിച്ചപ്പോൾ സാമൂതിരി രാജാവു കോട്ടയുടെ മര ഉരുപ്പടികൾ കോഴിക്കോട്ട് മിശ്കാൽ പള്ളി നിർമ്മാണത്തിനും കല്ലുകൾ ചാലിയം പുഴക്കര പള്ളിയുടെ പുനരുദ്ധാരണത്തിനും നൽകി. ഖാദി മുഹമ്മദ് രചിച്ച തുഹ്ഫത്തുൽ മുബീനിലും സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫത്തുൽ മുജാഹിദീനിലും കോട്ടയെകുറിച്ചു വിശദീകരിച്ചു പറയുന്നുണ്ട്. [3], [4] കോഹിനൂർ എന്ന സൈഫുദ്ദീൻ മുഹമ്മദലി രാജകുമാരനോടൊപ്പമുണ്ടായിരുന്നവരിൽ ചാലിയത്തുകാരായ ഹാജി മുസ്താ മുദുക്കാദ്, സദീബാദ്, നീലിനിശാദ്, ഉസ്മാൻ ഖ്വാജ എന്നിവരുമുണ്ടായിരുന്നു. ഇവർ പള്ളി നിർമ്മാണത്തിന് മാലിക് ബ്നു ഹബീബിനെ സഹായിച്ചത്. [5]

മാലിക് ബ്നു ഹബീബ് നിർമിച്ച പള്ളി തകർത്ത് അതിന്റെ അവസാനത്തെ കല്ലുപോലും പോർച്ചുഗീസുകാർ ചാലിയം കോട്ടയുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. ശൈഖ് സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫത്തുൽ മുജാഹിദീനിലെ വിവരണമനുസരിച്ച് ഹിജ്റ 938 റബീഉൽ ആഖിർ അവസാനം (ക്രി. 1513ൽ) ആയിരുന്നു ഈ സംഭവം നടന്നത്.

അവിടെയുണ്ടായിരുന്ന ഖബ്റുകൾ പോലും തുറന്ന് അതിന്റെ കല്ലുകൾ കോട്ട നിർമ്മാണത്തിന് ഉപയോഗപ്പെടുത്തി. പള്ളി പൊളിച്ച് ചാലിയം കോട്ട പണിയുകയും, കേരളത്തിന്റെ തീരദേശങ്ങളിൽ വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത പറങ്കികളെ ഈ നാട്ടിൽ നിന്നു നിഷ്കാസനം ചെയ്യാൻ ചാലിയത്തെ മുസ്ലിംകൾ തീരുമാനിച്ചു. സാമൂതിരിയുടെ സൈന്യത്തോടൊപ്പം പട്ടുമരയ്ക്കാർ എന്ന കുഞ്ഞാലി മൂന്നാമന്റെ കീഴിൽ അവർ അണിനിരന്നു. മുഹ്‌യുദ്ദീൻ മാലയുടെ കർത്താവും പണ്ഡിതനുമായ ഖാളി മുഹമ്മദ്, ശൈഖ് സൈനുദ്ദീൻ മഖ്ദൂം തങ്ങൾ, സൂഫീവര്യനായ മാമുക്കോയ ശൈഖ് തുടങ്ങിയവരും ഈ യുദ്ധത്തിൽ പങ്കെടുത്തു. [6]

പ്രമാണം:ചാലിയം പുഴക്കര പള്ളിയുടെ മുറ്റത്തുള്ള നിഴൽ ഘടികാരം.jpg
പള്ളിയുടെ മുറ്റത്തുള്ള നിഴൽ ഘടികാരം

ചാലിയം യുദ്ധത്തിലെ തദ്ദേശീയരുടെ വിജയത്തിന് ശേഷം പോർച്ചുഗീസുകാർ കോട്ട വിട്ടു. തുടർന്ന് ഇതിലെ സാധനങ്ങൾ എടുത്തുമാറ്റുകയും, പൊളിച്ചു നിരപ്പാക്കുകയും ചെയ്തു. അതിന്റെ കല്ലുകൾ പൊളിച്ചെടുത്ത് മാലികുബ്നു ഹബീബ് നിർമിച്ച പുഴക്കര പള്ളി പുനർനിർമ്മിക്കുകയുമായിരുന്നു. ആദ്യകാലത്തു നിർമിച്ച പള്ളിയുടെ സ്ഥാനത്ത് ഇന്നു കാണുന്നത് ഓല മേഞ്ഞതും ജീർണിച്ചതുമായ കെട്ടിടമാണെന്ന് 1960ലെ കേരള മുസ്ലിം ഡയറക്ടറിയിൽ കാണുന്നു. [7]

വാച്ച് കണ്ടുപിടിക്കും മുമ്പ് അഞ്ചുനേരത്തെ നമസ്കാര സമയം അറിയാൻ വേണ്ടി ഇവിടെ നിഴൽ ഘടികാരമായിരുന്നു ഉപയോഗിച്ചിരുന്നത്. ശങ്കു (gnomon) എന്ന വലിയൊരു കമ്പ് മണ്ണിൽ കുത്തിനിർത്തി, അതിന്റെ നിഴൽ(ശങ്കുച്ഛായ) ഭൂമിയിൽ പതിക്കുന്നതിനെ അടിസ്ഥാനമാക്കി സമയം നിർണയിക്കുകയായിരുന്നു ആദ്യകാലത്ത് ചെയ്തു വന്നിരുന്നത്.

അവലംബം[തിരുത്തുക]

  1. http://poomkavanam.net/archives/5817
  2. "|തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റ്-ശേഖരിച്ചത് 2015 സപ്തം 13". Archived from the original on 2016-03-04. Retrieved 2015-09-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. സാമൂതിരിക്ക് വേണ്ടി സമരാഹ്വാനം-ഇഎം സക്കീർ ഹുസൈൻ-ഐപിഎച്ച് പുസ്തകം
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2015-09-13.
  5. http://poomkavanam.net/archives/5817
  6. http://poomkavanam.net/archives/5817
  7. http://poomkavanam.net/archives/5817

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://pabacker.blogspot.ae/2008/10/blog-post_956.html


"https://ml.wikipedia.org/w/index.php?title=പുഴക്കര_പള്ളി&oldid=4084621" എന്ന താളിൽനിന്ന് ശേഖരിച്ചത്