Jump to content

ദിനേശൻ തെക്കൻകൂറൻ പെരുവണ്ണാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരള ഫോക്‌ലോർ അക്കാദമിയുടെ 2019 ലെ ഫെലോഷിപ്പ് ലഭിച്ച തെയ്യം കലാകാരനാണ് ദിനേശൻ തെക്കൻകൂറൻ പെരുവണ്ണാൻ. അഴീക്കോട്ടെ കോലധാരികളിൽ പ്രധാനിയാണ്. പതിനാലാം വയസ്സിൽ മുന്നുനിരത്ത് വയലിൽ കൂർമ്പ ഭഗവതിക്ഷേത്രത്തിൽ വീരകാളിയുടെ കോലം കെട്ടിയാണ് തെയ്യാട്ടരംഗത്തേക്ക് വരുന്നത്. 1990-ൽ ഏച്ചൂർ അരയടുത്ത് തറവാട്ട് ക്ഷേത്രത്തിൽ തെക്കൻ കരിയാത്തൻ കോലംകെട്ടി പട്ടും വളയും നേടി. 1994 മുതൽ അഴീക്കോട്ട് പാലോട്ടുകാവിൽ ദൈവത്താറുടെ കോലം കെട്ടിവരുന്നു. മുച്ചിലോട്ട് ഭഗവതിയടക്കം പതിനഞ്ചോളം തെയ്യങ്ങൾ ദിനേശൻ കെട്ടിവരുന്നുണ്ട്.

ജീവിതരേഖ[തിരുത്തുക]

അഴിക്കോട് തളിയിൽ കൃഷ്ണൻ പെരുവണ്ണാന്റെയും കതിരൂർ കുണ്ടിലാറമ്പത്ത് പത്മിനിയുടെയും മകനായ് ജനിച്ചു. പ്രശസ്ത തെയ്യക്കോലക്കാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കൃഷ്ണൻ പെരുവണ്ണാൻ ഫ്രാൻസുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഡോ. എ.കെ.നമ്പ്യാരുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടിയുമായി ബന്ധപ്പെട്ട് സന്ദർശിച്ചിട്ടുണ്ട്. മണ്ണാൻ വണ്ണാൻ സമുദായസംഘത്തിന്റെ തെയ്യം കോലധാരി സംരക്ഷണസമിതി ജില്ലാ കൺവീനറാണ്. 2005-ൽ അഴീക്കോട് പാലോട്ടുകാവിൽ വച്ച് ചിറക്കൽ തമ്പുരാൻ തെക്കൻ കൂറൻ പെരുവണ്ണാൻ എന്ന പദവി നൽകി ആദരിച്ചിരുന്നു. വൈദ്യനാഥൻ കളരിസംഘം എന്നപേരിൽ വീട്ടിനടുത്ത് കളരിപരിശീലനകേന്ദ്രവും മർമ, ഉളുക്ക് ചികിത്സയും നടത്തിവരുന്നുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരൻമാരായ ലക്ഷ്മണനും ബാബുവും കോലക്കാരാണ്. തുലാം 11-ന് അഴീക്കോട്ട് മാവില ഒതയോത്ത് ക്ഷേത്രത്തിലെ വേട്ടക്കൊരുമകൻ തിറയുടെ പുത്തരി വെള്ളാട്ടത്തോടെയാണ് ദിനേശൻ പെരുവണ്ണാന്റെ ഓരോ വർഷ​െത്തയും കളിയാട്ടാരംഭം ആരംഭിക്കുക.

പുതിയ ഭഗവതി, മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, വയനാട്ട് കുലവൻ, കണ്ടനാർ കേളൻ, കതിവന്നുർ വീരൻ, വേട്ടക്കൊരു മകൻ, ഊർപ്പഴശ്ശി, തെക്കൻ കരിയാത്തൻ, തച്ചോളി ഒതേനൻ, പയ്യമ്പള്ളി ചന്തു, തായ്പര ദേവത, ഇളങ്കോലം, തോട്ടുങ്കര ഭഗവതി, കടാങ്കോട്ട് മാക്കം, മുത്തപ്പൻ തിരുവപ്പന - വെള്ളാട്ടം - അന്തിതിറ തുടങ്ങിയ നിരവധി കോലങ്ങൾ കെട്ടിയാടിയിട്ടുള്ള ദിനേശൻ തോറ്റംപാട്ടും അവതരിപ്പിക്കാറുണ്ട്. 2011 മുതൽ കണ്ണൂർ ആകാശവാണിയിലെ തോറ്റംപാട്ട് ആർട്ടിസ്റ്റാണ്.[1]

തെയ്യങ്ങളുടെ ആഭരണങ്ങളുടെയും അണിയലങ്ങളുടെയും ശേഖരം[തിരുത്തുക]

ദിനേശൻ പെരുവണ്ണാന്റെ അഴീക്കോട് പാലോട്ട്കാവിനടുത്ത വീട്ടിൽ അണിയലങ്ങളുടെ വൻ ശേഖരം കാണാം. ഇത്രയേറെ അണിയലങ്ങൾ സ്വന്തമായുള്ള കോലക്കാർ ഈ ഭാഗത്ത് അപൂർവമാണ്. മുച്ചിലോട്ട് ഭഗവതി, പാലോട്ട് ദൈവത്താർ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, പുലിയൂർ കണ്ണൻ, തിരുവപ്പന, മുത്തപ്പൻ, തെക്കൻ കരിയാത്തൻ, കതിവന്നൂർ വീരൻ, പയ്യമ്പിള്ളി ചന്തു, കണ്ടനാർ കേളൻ തുടങ്ങി നിരവധി തെയ്യങ്ങളുടെ ആഭരണങ്ങളും അണിയലങ്ങളും ദിനേശന്റെ പക്കലുണ്ട്.

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/kannur/kazhcha/1.2136866[പ്രവർത്തിക്കാത്ത കണ്ണി]