തക്കോലം യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോള-രാഷ്ട്രകൂടസേനകൾ തമ്മിൽ 949-ൽ നടന്ന യുദ്ധത്തെ തക്കോലം യുദ്ധം എന്നു പറയുന്നു. തിരുവല്ലം യുദ്ധത്തിൽ ഏറ്റ പരാജയത്തിനു പ്രതികാരമായാണ് ഈ യുദ്ധമുണ്ടായത്. രാഷ്ട്രകൂട ചക്രവർത്തിയായ കൃഷ്ണൻ III-ന്റെ സഹായിയായി ഗംഗരാജാവായ ബുതുകൻ ഉണ്ടായിരുന്നു. ചോളസൈന്യത്തെ നയിച്ചത് യുവരാജാവായ രാജാദിത്യൻ ആയിരുന്നു. ചോളശക്തി അജയ്യമായിരുന്നുവെങ്കിലും ഗംഗപക്ഷത്തുനിന്നു രണ്ട് വില്ലാളിവീരന്മാരുടെ അസ്ത്ര പ്രയോഗത്തിൽ രാജാദിത്യന്റെ ആന നിലംപതിച്ചു. ബുതുകനും രാജാദിത്യനും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിൽ രാജാദിത്യൻ വധിക്കപ്പെട്ടത് ചോളപക്ഷത്തിനു വലിയ ആഘാതമായി. രാജാദിത്യന്റെ അനുജൻ കണ്ടരാദിത്യൻ നേതൃത്വം ഏറ്റെടുത്തെങ്കിലും ചോളപക്ഷത്തിന് പിടിച്ചുനില്ക്കാനായില്ല. തിരുവല്ലം യുദ്ധം ചോളസാമ്രാജ്യത്തിന്റെ ശക്തിവർധനവിനു കാരണമായെങ്കിൽ തക്കോലം യുദ്ധം സാമ്രാജ്യത്തിന്റെ താത്കാലിക ശിഥിലീകരണത്തിനാണ് വഴിതെളിച്ചത്. കേരളീയരായ യുദ്ധവീരന്മാർ രാജാദിത്യനൊപ്പം പ്രവർത്തിച്ചിരുന്നതായി കാണുന്നു. നന്ദിക്കരപ്പുത്തൂർ വെള്ളൻ കുമരൻ (കന്യാകുമാരി ജില്ല) പടനായകന്മാരിലൊരാളായിരുന്നു. വള്ളുവനാട്ടിലെ യുവരാജാവായ വലഭൻ രാജാദിത്യന്റെ സഹായി ആയിരുന്നുവെങ്കിലും എന്തോ കാരണത്താൽ തക്കോലം യുദ്ധത്തിൽ രാജാദിത്യനൊപ്പം വീരമൃത്യു വരിക്കാൻ കഴിയാതെവന്നതിൽ നിരാശനായി സന്ന്യാസം വരിക്കുകയും ചതുരാനനപണ്ഡിതൻ എന്ന പേരിൽ മഠാധിപതിയാവുകയും ചെയ്തു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്കോലം യുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തക്കോലം_യുദ്ധം&oldid=3939726" എന്ന താളിൽനിന്ന് ശേഖരിച്ചത്