Jump to content

അനുലോമപ്രതിലോമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനോധർമ സംഗീതത്തിൽ പല്ലവി പാടുകയെന്നത് ഒരു പ്രധാന ഇനമാണ്. ഏതെങ്കിലും ഒരാശയം പദങ്ങളിലൊതുക്കി പദഗർഭം മുതലായ നിയമങ്ങൾ അനുസരിച്ച് രാഗത്തിലും താളത്തിലും ക്രമപ്പെടുത്തി പാടുന്നതാണ് പല്ലവി. അക്ഷരങ്ങളെ താളത്തിന്റെ നിയുക്ത സ്ഥാനങ്ങളിൽ നിന്നു മാറ്റാതെ, ആ രാഗത്തിന്റെ വിവിധ മേഖലകളിൽ നടത്തുന്ന ഭാവയുക്തമായ സഞ്ചാരത്തിന് നിരവൽ എന്നു പറയുന്നു. നിരവൽ പാടിക്കഴിഞ്ഞാൽ അനുലോമവും പ്രതിലോമവും ചെയ്യുകയെന്നതു സാധാരണയാണ്. പല്ലവി എടുത്ത താളത്തിന് മാറ്റമൊന്നും വരുത്താതെ ഒന്നാംകാലം, രണ്ടാംകാലം, തിസ്രം, മൂന്നാംകാലം എന്നീ പല വേഗത്തിൽ പാടുന്നതിനെ അനുലോമമെന്നു പറയുന്നു. ഈ പ്രക്രിയ നടക്കുമ്പോൾ ഒന്നാംകാലത്തിൽ സാഹിത്യം ഒരു തവണയും രണ്ടാം കാലത്തിൽ രണ്ടു തവണയും തിസ്രത്തിൽ മൂന്നു തവണയും മൂന്നാം കാലത്തിൽ നാലു തവണയും കേൾക്കുന്നു. പല്ലവിയുടെ സംഗീതം എടുത്ത കാലത്തിൽതന്നെ പാടിക്കൊണ്ട്, താളം മാത്രം 4 കള, 2 കള, 1 കള എന്നീ ക്രമത്തിൽ ഇടുന്നതിനെ പ്രതിലോമം എന്നു പറയുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുലോമപ്രതിലോമങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുലോമപ്രതിലോമങ്ങൾ&oldid=3101152" എന്ന താളിൽനിന്ന് ശേഖരിച്ചത്